കണ്ണൂർ: തന്നിക്കെതിരേ ചില മാധ്യമങ്ങളിൽ വ്യാജ വാർത്ത നൽകിയ സംഭവത്തിൽ നിയമനടപടിക്കൊരുങ്ങി മുതിർന്ന സിപിഎം നേതാവ് പി.കെ. ശ്രീമതി. സംഭവത്തിൽ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും അപകീർത്തികരമായ വാർത്തകൾ സാമൂഹ്യ മാധ്യമങ്ങളിൽ നിന്ന് നീക്കം ചെയ്യണമെന്നും ആവശ്യപ്പെട്ട് ഇവർ മുഖ്യമന്ത്രി, ആഭ്യന്തര മന്ത്രി, ഡിജിപി, വനിതാ കമ്മീഷൻ എന്നിവർക്ക് പരാതി നൽകി.
വാർത്തയുടെ ലിങ്കുകൾ സഹിതമാണ് പരാതി സമർപ്പിച്ചിരിക്കുന്നത്. ജനം ടിവി, കർമ ന്യൂസ്, ഭാരത് ലൈവ്, സുദിനം പത്രം, ഡെയ്ലി ഹണ്ട് തുടങ്ങിയ മാധ്യമങ്ങൾക്കെതിരെയാണ് പരാതി.
മുൻ എംഎൽഎ പി.ആർ. കൃഷ്ണന്റെ ഭാര്യ എന്ന് നടിച്ച് പെൻഷൻ വാങ്ങുന്നു എന്ന തരത്തിലായിരുന്നു ഇവർക്കെതിരെ നടന്ന വ്യാജ പ്രചരണം. ഭർത്താവ് മരിച്ചിട്ട് 10 മാസം തികയുന്നതിന് മുൻപാണ് തനിക്കെതിരെ ഇത്തരം അവഹേളനം നടക്കുന്നതെന്ന് ശ്രീമതി പറഞ്ഞു.
കഴിഞ്ഞ ദിവസം മാധ്യമങ്ങൾക്ക് മുന്നിൽ സംസാരിക്കവെ തനിക്കെതിരെയും കുടുംബത്തിനെതിരെയും നിരന്തരം വ്യാജ വാർത്തകൾ പ്രചരിപ്പിക്കുന്നതിൽ ശ്രീമതി വിതുമ്പിയിരുന്നു. സംഘപരിവാർ മാധ്യമങ്ങൾക്കെതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അവർ വ്യക്തമാക്കി.